ബിഗ് സല്യൂട്ട്; പ്രകടന മികവിന്, പോരാട്ടവീര്യത്തിന്

അവര്‍ മിതാലി രാജെന്ന ക്യാപ്റ്റന്റെ പിന്നില്‍ ചങ്കുറപ്പോടെ അണിനിരന്ന മാലാഖമാരാണ്. ഈ പരാജയത്തിന് വിജയത്തിന്റെ മധുരത്തിനേക്കാള്‍ ഇരട്ടി മധുരമുണ്ട്. വിജയിച്ചവര്‍ക്ക് മാത്രമല്ല പരാജയപ്പെട്ടവര്‍ക്കും അവകാശപ്പെട്ടതാണ് ലോകം. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ തുടക്കം മുതല്‍ ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നത് വരെ അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു കൂട്ടം മാത്രമായിരുന്നു. ഇന്ത്യയിലെ പുരുഷ ക്രിക്കറ്റിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ വനിതാ ടീം ഇതാ ഇവിടെയുണ്ട് എന്ന് ടീമിലേ ഒരോ താരങ്ങളും ഓരോ കളിയില്‍ അടയാളപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ടീം ഫൈനലിലേക്ക് മുന്നേറി. അതും നിലവിലെ ചാംപ്യന്‍മാരും വനിതാ ക്രിക്കറ്റിലെ അതികായരുമായ ആസ്‌ത്രേലിയയെ വീഴ്ത്തി. പക്ഷേ ലോര്‍ഡ്‌സിലെ വിഖ്യാത മൈതാനത്ത് വെറും ഒന്‍പത് റണ്‍സില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പാരാജയപ്പെട്ട് നേരിയ വ്യത്യാസത്തില്‍ കിരീടം നഷ്ടപ്പെടുത്തിയത് രാജ്യത്തെ 125 കോടിയോളം വരുന്ന ജനതയ്ക്ക് സഹിക്കാന്‍ കഴിയാതെ പോയത് തന്നെ ഇന്ത്യന്‍ വനിതാ ടീം കുറഞ്ഞ ദിവസം കൊണ്ട് സൃഷ്ടിച്ച പ്രകടന മികവിന്റെ സാക്ഷ്യമാണ്.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓര്‍മ്മിപ്പിച്ചത് പോലെ, ചില സമയത്ത് നമ്മള്‍ പ്രതീക്ഷിക്കുന്നത് നടക്കില്ല. അവസാന നിമിഷം വരെ പോരാടിയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അതുകൊണ്ടാണ് മത്സര ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ്, തോറ്റെങ്കിലും മികച്ചൊരു മത്സരം സമ്മാനിച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിക്കുന്നതായി പറഞ്ഞത്. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീം അവസാന ഏഴ് വിക്കറ്റുകള്‍ വെറും 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ വലിച്ചെറിഞ്ഞാണ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച്ചില്ലെന്ന് മിതാലി തുറന്നു പറഞ്ഞു.
1983ല്‍ ലോര്‍ഡ്‌സില്‍ വച്ച് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അന്നത്തെ രാജാക്കന്‍മാരായ വെസ്റ്റിന്‍ഡീസിന്റെ ഹാട്രിക്ക് ലോക കിരീടമെന്ന മോഹം തല്ലിക്കെടുത്തി കന്നി ലോക കിരീടം സ്വന്തമാക്കിയപ്പോള്‍ അത് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്റെ തലവര മാറ്റിയ പ്രകടനമായിരുന്നു. അന്നത്തെ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്നറിയപ്പെട്ടു. സമാന ചരിത്രത്തിന്റെ പടിവാതില്‍ക്കലെത്തിയ മിതാലിയുടെ മാലഖ സംഘത്തിന് നേരിയ വ്യത്യാസത്തില്‍ അത്തരമൊരു വസന്തത്തിന്റെ ഇടിമുഴക്കം തീര്‍ക്കാന്‍ സാധിക്കാതെ പോയി.
എങ്കിലും ഈ മുന്നേറ്റത്തെ രാജ്യം ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് മറ്റാരേക്കാളും മിതാലിയെന്ന ക്യാപ്റ്റന്‍ മനസിലാക്കി കഴിഞ്ഞു. മത്സര ശേഷം അവര്‍ പറഞ്ഞതാണ് ശ്രദ്ധേയം. ഒരു വനിതാ ഐ.പി.എല്‍ ടൂര്‍ണമെന്റിന് സമയമായെന്ന് മിതാലി പറഞ്ഞത് ഭാവിയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉപാധിയായാണ്. ആസ്‌ത്രേലിയ ബിഗ് ബാഷ് ടൂര്‍ണമെന്റും അതിന്റെ വനിതാ പതിപ്പും നടത്തുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ധനയും അതില്‍ കളിക്കുകയും ചെയ്യുന്നു. ഇരുവരുടേയും പ്രകടനത്തില്‍ അതിന്റെ മികവ് കാണാമെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. അതേപോലെ ഐ.പി.എല്ലിനും ഒരു വനിതാ പതിപ്പുണ്ടായാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഇനിയും മെച്ചുപ്പെടുത്തമെന്നും മിതാലി ഓര്‍മിപ്പിച്ചു.

മിതാലി രാജ് നയിക്കും
ലണ്ടന്‍: ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിന് പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റിലെ മികച്ച ക്യാപ്റ്റന്‍ ഇന്ത്യയുടെ മിതാലി രാജ് തന്നെ. ഐ.സി.സിയുടെ വനിതാ ലോകകപ്പ് ഇലവന്റെ ക്യാപ്റ്റനായി മിതാലിയെ തിരഞ്ഞെടുത്തു. മിതാലിക്ക് പുറമേ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരും ലോക ടീമില്‍ ഇടം പിടിച്ചു. ജേതാക്കളായ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളും ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടേയും മൂന്ന് വീതം താരങ്ങളും ഒരു ആസ്‌ത്രേലിയന്‍ താരവുമാണ് ലോക ഇലവനിലുള്ളത്. റസര്‍വ് താരമായി മറ്റൊരു ഇംഗ്ലണ്ട് താരവും പട്ടികയിലുണ്ട്.
ലോകകപ്പ് ഇലവന്‍: മിതാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ (ഇന്ത്യ), ടസ്മിന്‍ ബ്യുമോണ്ട്, സാറ ടെയ്‌ലര്‍ (വിക്കറ്റ് കീപ്പര്‍), അന്യ ഷ്‌റബ്‌സോള്‍, അലെക്‌സ് ഹാര്‍ട്‌ലി (ഇംഗ്ലണ്ട്), ലോറ വോല്‍വാര്‍ട്, മരിസന്നെകാപ്, ഡാന്‍ വാന്‍ നികെര്‍ക് (ദക്ഷിണാഫ്രിക്ക), എല്ലിസെ പെറി (ആസ്‌ത്രേലിയ). റിസര്‍വ് താരം- നതാലി സീവര്‍ (ഇംഗ്ലണ്ട്).

ലോകകപ്പിലെ ഇന്ത്യന്‍ മുന്നേറ്റത്തില്‍
നിര്‍ണായകമായ അഞ്ച് മികച്ച പ്രകടനങ്ങള്‍

ഹര്‍മന്‍പ്രീത് കൗര്‍- ആസ്‌ത്രേലിയക്കെതിരായ സെമി ഫൈനലില്‍ പുറത്താകാതെ 115 പന്തില്‍ 171 റണ്‍സ്.
ജുലന്‍ ഗോസ്വാമി- ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍.
മിതാലി രാജ്- ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ 109 റണ്‍സ്.
ഏക്താ ബിഷ്ട്- പാകിസ്താനെതിരേ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍.
രാജേശ്വരി ഗെയ്ക്‌വാദ്- ന്യൂസിലന്‍ഡിനെതിരേ 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *