ബിഎംഡബ്ല്യു കാർ ദിപ കർമാർക്കർ മടക്കി നൽകുന്നു

റിയോ ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാനമുയർത്തുന്ന പ്രകടനം കാഴ്ചവെച്ച ജിംനാസ്റ്റിക് താരം ദിപ കർമാർക്കർ സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ തിരികെ നൽകുന്നു. കോടികൾ വിലമതിക്കുന്ന ഈ ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതാണ് കാർ മടക്കി നൽകാൻ ദിപയേയും കുടുംബത്തേയും പ്രേരിപ്പിക്കുന്നത്. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇത് ദിപയുടെ തീരുമാനം അല്ലെന്നും അവരുടെ കുടുംബത്തിന്റെയും തന്റെയും തീരുമാനമാണെന്ന് ദിപയുടെ കോച്ച് ബിശ്വേശർ പറഞ്ഞു. ദിപ താമസിക്കുന്ന അഗർത്തല പോലൊരു കൊച്ചു നഗരത്തിൽ ഇത്തരം ആഡംബര കാറുകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് വാഹനം മടക്കി നൽകുന്നതിനുള്ള പ്രധാന കാരണം. വല്ലപ്പോഴും മാത്രം അറ്റകുറ്റ പണികൾ നടത്തുന്ന നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വാഹനം ഉപയോഗിക്കുന്നത് വലിയ സാഹസമാണ്.

അതുകൊണ്ടുതന്നെ വാഹനത്തിന്റെ അറ്റകുറ്റപണികൾക്കും പരിപാലനത്തിനുമായി വൻതുക മുടക്കേണ്ടി വരുന്നു. സാമ്പത്തികമായി അത്ര ഉന്നതിയിലല്ലാത്ത ദിപയുടെ കുടുംബത്തിന് ഈ ചെലവുകൾ താങ്ങാവുന്നതല്ലെന്നും ബിശ്വേളർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ദിപ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യം ഹൈദരബാദ് ബാഡ്മിന്റൺ അസോസിയേഷനെ അറിയിച്ചിട്ടുണ്ട്, കാറിന്റെ വിലയ്ക്കു തുല്യമായ പണം നൽകിയാൽ മതിയെന്നും അത് ദിപയുടെ പരിശീലനത്തിനു ഉപകരിക്കുമെന്നും ബിശ്വേശ്വർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *