ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോന കനത്ത തോൽവി ഏറ്റുവാങ്ങിയത് ഫുട്ബോൾ ലോകത്തിനാകെ ഞെട്ടലായിരുന്നു. രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണയുടെ നല്ല കാലം അവസാനിക്കുകയാണെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. തോൽവിക്ക് പിന്നാലെ, പരിശീലകൻ ക്വിക്കെ സെറ്റിയൻ ബലിയാടാവും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു

സെറ്റിയനു പകരക്കാരായി മൂന്ന് പേരെയാണ് ക്ലബ് പരിഗണിക്കുന്നത്. ഹോളണ്ട് പരിശീലകൻ റൊണാള്‍ഡ് കോമാന്‍, മുന്‍ താരവും ഖത്തർ ക്ലബ് അൽ സാദ് പരിശീലകനുമായ സാവി ഹെർണാണ്ടസ്, മുൻ ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചറ്റീനോ എന്നിവരെയാണ് മാനേജ്മെൻ്റ് പരിഗണിക്കുന്നത്. ഇതിൽ തന്നെ കോമാനാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. എന്നാൽ, കോമാൻ പരിശീലക സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ ടീം സമൂലമാറ്റത്തിനു വിധേയമാകുമെന്നാണ് സൂചന.

കോമാൻ്റെ വരവോടെ ഏഴ് താരങ്ങൾ ടീമിൽ നിന്ന് പുറത്തു പോകുമെന്നാണ് വിവരം. ലൂയിസ് സുവാരസ്, ജെറാര്‍ഡ് പിക്വെ, സെർജിയോ ബുസ്‌കെറ്റ്‌സ്, ആർതുറോ വിദാൽ, സാമുവൽ ഉംറ്റിറ്റി, ആർതർ മെലോ, മാർട്ടിൻ ബ്രാത്‌വെയ്റ്റ് എന്നിവരെ പുറത്താക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതിൽ ആർതർ മെലോ ഇതിനകം യുവൻ്റസിലേക്ക് പോയിക്കഴിഞ്ഞു. സാമുവൽ ഉംറ്റിറ്റിയും പുറത്താക്കപ്പെടുന്നവരുടെ പട്ടികയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അതേസമയം, മെസി ക്ലബ് വിടുമെന്നും സൂചനയുണ്ട്. ടീം മാനേജ്മെൻ്റിലും കളിരീതിയിലും മെസി തൃപ്തനല്ലെന്നും ഉടൻ തന്നെ അദ്ദേഹം ക്ലബ് വിടുമെന്നുമാണ് റിപ്പോർട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *