വാര്‍ഷിക കണക്ക് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അയോഗ്യരാക്കിയ കമ്പനി ഡയറക്ടര്‍മാരുടെ പേരുകള്‍ പരസ്യമാക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യമായാണ് ഇത്തരത്തില്‍ പേരുകള്‍ വെളിപ്പെടുത്തുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവാസി വ്യവസായി എം എ യൂസഫലി, ആര്‍ ബാലകൃഷ്ണ പിള്ള എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോര്‍ക്ക റൂട്ട്സ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്ന നിലയിലാണ്ഇവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. ഇവരെ കൂടാതെ ഐഎഎസ് ഉദ്യേഗസ്ഥ റാണി ജോര്‍ജ് അടക്കം നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ മറ്റ് ഏഴുപേര്‍ കൂടി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്.

തമിഴ്നാട്ടില്‍ തടവുപുള്ളിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയുമായിരുന്ന ശശികലയുടെ നാല് കമ്പനിയുടെ ഡയറക്ടര്‍മാരും പട്ടികയിലുണ്ട്. ഈ കമ്പനികള്‍ തട്ടിപ്പ് കമ്പനികള്‍ ഇന്ത്യയിലാകെ 1.06 ലക്ഷം ഡയറക്ടര്‍മാരെ ഇങ്ങനെ അയോഗ്യരാക്കിയിട്ടുണ്ട്.
കമ്പനികളേറെയും സ്വകാര്യ കമ്പനികളാണ്. ഇവ പലതും ഷെല്‍ കമ്പനികളാണെന്നാണ് സംശയിക്കപ്പെടുന്നത്. ദുരൂഹ നീക്കങ്ങള്‍ക്കായി രൂപീകരിക്കുന്ന തട്ടിപ്പ് കമ്പനികളെയാണ് ഷെല്‍ കമ്പനികളായി കരുതുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള ഉദ്ദേശത്തിനായിരിക്കും ഇവയുടെ രൂപീകരണം.
എന്നാല്‍ മൂന്നുകൊല്ലമായി ധനകാര്യ സ്റ്റേറ്റ്മെന്റ് നല്‍കാത്തതുകൊണ്ട് മാത്രം പട്ടികയില്‍പെട്ടവയുമുണ്ട്. നോര്‍ക്കാ റൂട്ട്സ് ഇങ്ങനെ ഉള്‍പ്പെട്ടതാണെന്നാണ് സൂചന. ഇങ്ങനെ നീക്കം ചെയ്യപ്പെട്ട ഡയറക്ടര്‍മാര്‍ ഇനി അഞ്ചുകൊല്ലക്കാലം ആ കമ്പനിയുടേയോ മറ്റേതെങ്കിലും കമ്പനിയുടെയോ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരാണ്.













