തെലങ്കാന സര്‍ക്കാരിന്റെ സൗജന്യ സാരിവിതരണത്തില്‍ കൂട്ടത്തല്ല്


തെലങ്കാന സര്‍ക്കാര്‍ നടത്തിയ സൗജന്യ സാരിവിതരണം കൂട്ടത്തല്ലില്‍ അവസാനിച്ചു. തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ദസറയോട് അനുബന്ധിച്ചുള്ള ബത്തുകമ്മ ഉല്‍സവത്തിന്റെ ഭാഗമായാണ് തെലങ്കാന സര്‍ക്കാര്‍ സൗജന്യമായി സാരി വിതരണം നടത്തിയത്.


ഭരണകക്ഷിയായ ടിആര്‍എസിന്റെ നേതാക്കളാണ് സാരി വിതരണം നടത്തിയത്. എന്നാല്‍ ഹൈദരാബാദിനടുത്ത സായ്ദാബാദില്‍ നടത്തിയ ചടങ്ങില്‍ സാരി വാങ്ങാനെത്തിയ സ്ത്രീകള്‍ തമ്മില്‍ അടിപിടിയായി. തര്‍ക്കത്തിലായ സ്ത്രീകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാകുന്നതിന്റെയും മുടിയില്‍ പിടിച്ചു വലിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയ ചാനലുകള്‍ സംപ്രേഷണം ചെയ്തു. വനിതാ പോലീസ് ഇടപെട്ട് തല്ലുകൂടിയ സ്ത്രീകളെ പിടിച്ചുമാറ്റി. മറ്റിടങ്ങളില്‍ സംഘര്‍ഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം സാരിയ്ക്ക് നിലവാരമില്ലാന്നാരോപിച്ച് നിരവധി സ്ത്രീകള്‍ രംഗത്തെത്തി. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും സ്വന്തം പേര് നന്നാക്കാന്‍ ശ്രമിക്കാതെ മോശം സാരികള്‍ സമ്മാനിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തങ്ങളെ അപമാനിക്കുകയാണെന്ന് ഒരു സ്ത്രി പററയുന്നു.

മുഖ്യമന്ത്രിയുടെ പെണ്‍മക്കള്‍ ഈ സാരി ഉടുക്കുമോ….? ഇമ്മാതിരി സാരികള്‍ തരാതെ സമയത്ത് റേഷന്‍ തരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്… നിലവാരമില്ലാത്ത സാരി കിട്ടിയ മൈസമ്മ എന്ന സ്ത്രീ രോഷത്തോടെ പറഞ്ഞു.



Sharing is Caring