ബസ് സമരം നാലാംദിവസവും തുടരുന്നു; സമരക്കാര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സമരം നാലാം ദിവസവും തുടരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പേരും കെഎസ്‌ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബസ് സമരം അനിശ്ചിത കാലത്തേക്ക് നീണ്ടുപോയാല്‍ സ്വാകര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം ബുദ്ധിമുട്ടിലാകും. വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.

അതേസമയം സമരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ രംഗത്തിറക്കി സര്‍ക്കാര്‍ സമാന്തര സര്‍വ്വീസുകള്‍ നടത്തിയിരുന്നു. സമീപകാതലത്തെ റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്‌ആര്‍ടിസി ഈ ദിവസങ്ങളില്‍ നേടിയത്.സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ നാല് ദിവസങ്ങളായി കെഎസ്‌ആര്‍ടിസി അധിക സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യബസുകള്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുന്ന മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്‌ആര്‍ടിസി എണ്‍പത് അധിക സര്‍വ്വീസുകളാണ് നടത്തിയത്.എന്നാല്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ പര്യാപ്തമല്ല എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. സ്ഥിരമായി പ്രൈവറ്റ് ബസുകളെ ആശ്രയിച്ചിരുന്നവര്‍ക്ക് കെഎസ്‌ആര്‍ടിസു ബസുകളുടെ സമയക്രമവും മറ്റും ബുദ്ധിമുട്ടാകുന്നുണ്ട്.

ഇതിനിടെ സമരം നടത്തിയ ബസ് ഉടമകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ട്. പന്ത്രണ്ട് സംഘടനകള്‍ ചേര്‍ന്നാണ് സമരം നടത്തിയെങ്കിലും ഇതില്‍ ഒരു വിഭാഗം ഇപ്പോള്‍ സമരം അവസാനിപ്പിക്കണമെന്ന നിലപാടിലാണ്. ഇത് വാക്കുതര്‍ക്കത്തിന് കാരണമായിട്ടുണ്ട്.ഇന്നലെ ഗതാഗത മന്ത്രിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്ക് ഏഴ് സംഘടാ പ്രതിനിധികളെ മാത്രമേ വിളിച്ചിരുന്നുള്ളൂ എന്നതും പ്രതിഷേധത്തിന് കാരണമായി. ഇതേത്തുടര്‍ന്ന് സമരം നീട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയും സമരം അനിശ്ചിതമായി നീളുകയാണെങ്കില്‍ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറി ബസുകള്‍ നിരത്തിലിറക്കുമെന്നാണ് ഇവര്‍ പറയുന്നത്. സമരക്കാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായഭിന്നത രൂപപ്പെട്ട സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇവര്‍ സ്വമേധയാ സമരം അവസാനിപ്പിച്ച്‌ ബസുകള്‍ നിരത്തിലിറക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം ഉടമകളുമായി യുദ്ധപ്രഖ്യാപനത്തിനില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രംഗത്തെത്തി. ഒത്തുതീര്‍പ്പിന് തയ്യാറല്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്ന നടപടി സ്വീകരിക്കേണ്ടി വരും. കടുത്ത നടപടികളിലേക്ക് സര്‍ക്കാരിനെ എത്തിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *