ബദൗനില്‍ അംഗനവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പൂജാരി അറസ്റ്റില്‍.

ബദൗനില്‍ കഴിഞ്ഞ ദിവസം അംഗനവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍. സത്യനാരായണന്‍ എന്നയാളാണ് അറസ്റ്റിലായത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പൊലീസ് പിടികൂടുന്നത്. ഇയാള്‍ക്കൊപ്പം കൊലപാതകത്തിന് കൂട്ടുനിന്ന രണ്ടുപേരെ ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രധാനപ്രതിയായ ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ കണ്ടെത്തിത്തരുന്നവര്‍ക്ക് പൊലീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്നാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉഗൈദി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ഇയാളെ പിടികൂടുന്നത്. അറസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ പ്രശാന്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് അമ്പതുകാരിയായ അംഗനവാടി ടീച്ചര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം നടന്നത്.ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ക്ഷേത്രപൂജാരിയാണെന്ന് കുടുംബം തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു.

ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും ഇവരുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പരാതി നല്‍കിയെങ്കിലും കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നുക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും തങ്ങള്‍ എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുന്‍പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ പറഞ്ഞിരുന്നു.

എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍, കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ വാദം പൊലീസ് മുഖവിലക്കെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

അതേസമയം ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ സംഭവത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി രംഗത്തെത്തിയിരുന്നു. ഇവര്‍ വൈകിയ സമയത്ത് പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു ഇവരുടെ വാദം.

കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു ചന്ദ്രമുഖിയുടെ പ്രതികരണം.’ആരൊക്കെ നിര്‍ബന്ധിച്ചിട്ടാണെങ്കിലും അവര്‍ സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര്‍ വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു’, എന്നായിരുന്നു ചന്ദ്രമുഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അതേസമയം ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *