ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. ഔദ്യോഗിക ഫല പ്രഖ്യാപനം ഉടനുണ്ടാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് 250 ലധികം സീറ്റുകള്‍ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

6 ലക്ഷകത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലല്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ബംഗ്ലദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 350 അംഗ പാര്‍ലമെന്റില്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 ല്‍ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു.

രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ട് വനിതാ പ്രതിയോഗികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഭരണം തുടരാന്‍ ഷെയ്ഖ് ഹസീന. ഭരണം പിടിച്ചെടുക്കാന്‍ മുന്‍ പ്രാധാനമന്ത്രി ഖാലിദ സിയ. ഇതായിരുന്നു ബംഗ്ലാദേശിന്റെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചിത്രം.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിയ പോരാട്ടം നയിച്ചത് ജയിലില്‍ നിന്നാണ്. പക്ഷേ ജനവിധി ഷെയ്ഖ് ഹസീനക്കൊപ്പം നിന്നു. നാലാം തവണയും ഹസീന പ്രധാനമന്ത്രിപദം ഉറപ്പിച്ചു.

ഗോപാല്‍ ഗഞ്ജ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിന്‍മാറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *