ബംഗളുരു ഗതാഗതസ്തംഭനത്തിനെതിരെ വ്യത്യസ്ഥ ബോധവത്ക്കരണവുമായി എഞ്ചിനീയര്‍ കുതിരപ്പുറത്തേറി ഓഫീസിലേക്ക്


ബംഗളുരു: ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ഥ രീതിയിലുള്ള ബോധവത്കരണവുമായി സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രൂപേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത് കുതിരപ്പുറത്താണ്. തിരക്കേറിയ സമയത്ത് കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വെള്ള കുതിരയുടെ പുറത്തേറി സഞ്ചരിക്കുന്ന രൂപേഷിന്റെ ചിത്രം വളരെ വേഗം വൈറലായി.


ഗതാഗതക്കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടാണ് ബോധവത്കരണമെന്നോണം രൂപേഷ് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ഓഫീസിലേക്കുള്ള വേഷത്തില്‍ കയ്യില്‍ ലാപ്‌ടോപ് ബാഗുമായാണ് രൂപേഷ് കുതിരപ്പുറത്ത് സഞ്ചരിച്ചത്. ഒപ്പം സോഫ്റ്റ് വെയര്‍ എഞ്ചിനീയറായുള്ള അവസാന ദിവസം എന്നുകുറിച്ച ഒരു ബോര്‍ഡും തൂക്കിയിരുന്നു.


ജോലിയുടെ അവസാന ദിവസമാണ് രൂപേഷ് വ്യത്യസ്ഥ ആശയം നടപ്പിലാക്കിയത്. എട്ട് വര്‍ഷമായി ബംഗളുരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന രൂപേഷ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായാണ് ജോലി അവസാനിപ്പിക്കുന്നത്. അതിനു മുന്നോടിയായാണ് അവസാന പ്രവൃത്തിദിവസം ഗതാഗതസ്തംഭനത്തിനെതിരെ ബോധവത്ക്കരണം നടത്തിയത്.



Sharing is Caring