ഫ്‌ളാഷ് മോബ് നടത്തിയതിന്റെ പേരില്‍ തേവര എസ്എച്ച് കോളേജിലെ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു


തേവര കോളേജില്‍ ഫ്‌ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയും യൂണിയന്റെ മാഗസിന്‍ എഡിറ്ററുമായ ഏയ്ഞ്ചല്‍ മേരി, ബിനാലെ ക്യുറേറ്റര്‍ ഹംസ എംഎം, ജുഡ് കെ.ജെ എന്നിവരെയാണ് മാനേജ്‌മെന്റ് അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തത്. കോളേജില്‍ നടത്തിയിരുന്ന ക്യാമ്പസ് ബിനാലെയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം യൂണിയന്‍ ഫ്‌ളാഷ് മോബ് നടത്താന്‍ തീരുമാനിച്ചത്.പ്രിന്‍സിപ്പലിനോട് അനുവാദം ചോദിച്ചിരുന്നെങ്കിലും നല്‍കിയില്ല. പക്ഷേ കുട്ടികളുടെ ആവശ്യപ്രകാരം യൂണിയന്‍ പരിപാടി നടത്തി. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. പരാതിയൊന്നുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അനുവാദമില്ലാതെ പരിപാടി നടത്തിയതിനാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലക്കപ്പിള്ളി പറഞ്ഞു. സംഭവത്തില്‍ രാവിലെ നടക്കുന്ന അധ്യാപക കമ്മിറ്റി അന്തിമ നിലപാട് വ്യക്തമാക്കും.




Sharing is Caring