ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി; അപ്പീൽ സാധ്യത തേടി പൊലീസ്

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പൊലീസ്. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയാണ് നിയമോപദേശം തേടിയത്. അപ്പീൽ നടപടി ഉടൻ തുടങ്ങുമെന്ന് കോട്ടയം എസ് പി ഡി ശിൽപ പറഞ്ഞു. നിയമോപദേശം ലഭിച്ചാൽ ഡി ജി പി മുഖേന സർക്കാരിന് കത്ത് നൽകുമെന്നും എസ് പി ഡി ശിൽപ വ്യക്തമാക്കി.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്ന് രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *