ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍


ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയിലെ സമനിലയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ പിഎസ്ജിയെ ഫൈനലിലെത്തിച്ചത്.അലയന്‍സ് അരീനയില്‍ നടന്ന മല്‍സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. കഴിഞ്ഞ ആഴ്ച പിഎസ്ജിയുടെ മൈതാനത്ത് നടന്ന മല്‍സരം 5-4ന് പിഎസ്ജി ജയിച്ചിരുന്നു.


ഇരു പാദങ്ങളിലുമായി 6-5ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈനല്‍ പ്രവേശനം. ബുദാപെസ്റ്റില്‍ മേയ് 30-ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലാണ് പിഎസ്ജിയുടെ എതിരാളികള്‍.കളിയാരംഭിച്ച്‌ മൂന്നാം മിനിറ്റില്‍ തന്നെ ഒസ്മാന്‍ ഡെംബെലെയിലൂടെ പിഎസ്ജി മുന്നിലെത്തി. മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ ഖ്വിച്ച വാരത്സ്ഹേലിയ നല്‍കിയ പാസ് ഡെംബെലെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ സീസണില്‍ നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായ ഏഴ് മല്‍സരങ്ങളില്‍ ഗോള്‍ നേടുകയോ അസിസ്റ്റ് നല്‍കുകയോ ചെയ്യുന്ന ആദ്യ താരമായി വാരത്സ്ഹേലിയ മാറി.സ്വന്തം മൈതാനത്ത് മികച്ച കളി പുറത്തെടുത്തെങ്കിലും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം മറികടക്കാന്‍ ബയേണിന് ഇന്‍ജുറി ടൈം വരെ കാക്കേണ്ടി വന്നു.


ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഹാരി കെയ്നാണ് ബയേണിനായി വലകുലുക്കിയത്.അതേസമയം റഫറിയുടെ പല തീരുമാനങ്ങളും ബയേണിന് എതിരായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ആദ്യ പകുതിയില്‍ നുനോ മെന്‍ഡസിനെതിരേ ഹാന്‍ഡ്ബോളിനായി ബയേണ്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. ജാവോ നെവസിനെതിരായ മറ്റൊരു ഹാന്‍ഡ് ബോള്‍ അപ്പീലും റഫറി തള്ളി. രണ്ട് തീരുമാനങ്ങളിലും റഫറി വാര്‍ പരിശോധിക്കാതിരുന്നതും ബയേണ്‍ താരങ്ങളെ ചൊടിപ്പിച്ചു.



Sharing is Caring