ഫിഫ ഏഷ്യൻ കപ്പ് 2026-ലേക്ക് ഇന്ത്യൻ പുരുഷ ഫുട്ബോള്‍ ടീമിന് ഔദ്യോഗിക ക്ഷണം ലഭിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകള്‍.ഇന്ത്യക്കൊപ്പം ചൈനയെയും ടൂർണമെന്റിലേക്ക് ക്ഷണിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്വാലാലംപൂരില്‍ നടന്ന 47-ാമത് ആസിയാൻ ഉച്ചകോടിയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഈ പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ചത്.
നേരത്തെ ആസിയാൻ ഫുട്ബോള്‍ ഫെഡറേഷൻ സംഘടിപ്പിച്ചിരുന്ന ടൂർണമെന്റ് ഇനി മുതല്‍ ഫിഫയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നടക്കുക.2026 സെപ്റ്റംബർ 21 മുതല്‍ ഒക്ടോബർ 6 വരെയുള്ള ഇന്റർനാഷണല്‍ വിൻഡോയിലാണ് ടൂർണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഡിവിഷനുകളിലായി 14 ടീമുകളാണ് ഇതില്‍ മത്സരിക്കുക. നിലവില്‍ ലോക റാങ്കിംഗില്‍ 136-ാം സ്ഥാനത്തുള്ള ഇന്ത്യ, ഒന്നാം ഡിവിഷനിലായിരിക്കും മത്സരിക്കാൻ സാധ്യത. തായ്‌ലൻഡ് (93), ചൈന (94), വിയറ്റ്നാം (99), ഇന്തോനേഷ്യ (122), ഫിലിപ്പീൻസ് (135), മലേഷ്യ (138), സിംഗപ്പൂർ (147) എന്നീ ടീമുകള്‍ക്കൊപ്പമായിരിക്കും ഇന്ത്യയുടെ പോരാട്ടം. ഒന്നാം ഡിവിഷനില്‍ വിജയികളാകുന്നവർക്ക് ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയായി ലഭിക്കും. കൂടാതെ ടൂർണമെന്റില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 1,25,000 യുഎസ് ഡോളർ വീതം പങ്കാളിത്ത ഫീസായും നല്‍കും.













