തൃശൂര്‍ പ്രസ് ക്ലബ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ‘ഫാര്‍ജി ദി ഫോര്‍ത്ത് ജെന്‍ഡര്‍’ വാര്‍ത്താചിത്ര – വീഡിയോ പ്രദര്‍ശനം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കാണുന്ന ഒറ്റ സെക്കന്‍ഡ് കൊണ്ട് ദൃശ്യം ഒപ്പിയെടുക്കാനും അതില്‍ വാര്‍ത്തകാണാനും കഴിയുന്ന മികവാണ് ന്യൂസ് ക്യാമറാമാന്‍മാരുടേതെന്നും, യാത്രയ്ക്കിടെ പല കാഴ്ചകളും കാണുന്പോള്‍ കയ്യിലൊരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ എന്ന് താനും ചിന്തിക്കാറുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മമ്മൂട്ടി പറഞ്ഞു. .
തൃശൂരിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ അറുപതോളം ചിത്രങ്ങളും ചാനല്‍ ക്യാമറാമാന്‍മാരുടെ ഇരുപതോളം വാര്‍ത്താ വീഡിയോകളുമാണ് പ്രദര്‍ശനത്തില്‍.സമീപകാലത്ത് കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിച്ചപ്പോള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണ് എന്നതിന് പകരം നാലാം ലിംഗക്കാര്‍ എന്ന് കളിയാക്കി ചിലര്‍ ബാനറുകള്‍ പതിച്ചിരുന്നു. ഈ പേര് തുറന്നമനസ്സോടെ സ്വീകരിച്ചാണ് പ്രദര്‍ശനത്തിന് ഫോര്‍ത്ത് ജെന്‍ഡര്‍ എന്ന പേര് നല്‍കിയത്. രാവായാലും പകലായാലും ലാത്തിച്ചാര്‍ജായാലും കല്ലേറായാലും ക്യാമറയും തൂക്കി പിന്നാലെ പായുന്ന താന്തോന്നികളെ പിന്നെന്താണു വിളിക്കുകയെന്നും സംഘാടകര്‍ ചോദിക്കുന്നു.













