മനോഹരമായ യൂറോപ്യന്‍ ശൈലിയില്‍ കളം നിറഞ്ഞാടി ലാലിഗയുടെ സ്പാനിഷ് കരുത്തന്മാരായ ജിറോണ എഫ്.സി പ്രഥമ ലാലിഗ വേള്‍ഡ് പ്രീ-സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ചാണ് ജിറോണയുടെ കിരീടനേട്ടം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ 6-0ന് തകര്‍ത്ത ജിറോണ ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കപ്പുമായി മടങ്ങിയത്.
കളിയുടെ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്തിയ ജിറോണക്കായി എറിക് മോണ്‍ടെസ്, പെഡ്രോ പോറോ, അലക്‌സ് ഗ്രാനല്‍, അദായ് ബെനിറ്റ്‌സ്, അലക്‌സ് ഗാര്‍ഷ്യ എന്നിവര്‍ വല കുലുക്കി. കളിച്ച രണ്ടു കളികളിലും ഒരു ഗോള്‍ പോലും നേടാനാകാതെ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് യഥാര്‍ഥ പ്രൊഫഷണല്‍ ടീമുകളുമായി കളിക്കാന്‍ കഴിഞ്ഞത് ഐ.എസ്.എല്‍ സീസണില്‍ കരുത്ത് പകരുമെന്ന ആശ്വാസത്തിലാണ് കളിക്കാരും കാണികളും.
കേരളത്തിന്റെ മഞ്ഞപ്പടയെ കല്‍പന്തുകളിയിലെ ആക്രമണശൈലിയുടെ വിവിധ രീതികള്‍ പരിചയപ്പെടുത്തികൊണ്ട് ആദ്യമായി ഇന്ത്യയില്‍ കളിക്കാനെത്തുന്ന സ്പനിഷ് ക്ലബ് മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ വളരെ വേഗത്തില്‍ ഇടംപിടിക്കുന്ന കാഴ്ചയായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. വന്നിറങ്ങിയ ദിവസം തന്നെ ആസ്‌ത്രേലിയന്‍ ക്ലബായ മെല്‍ബണ്‍ എഫ്.സിയെ ഏകപക്ഷീയമായ ആറു ഗോളിന് പരായപ്പെടുത്തി നാടുകടത്തിയ സ്പാനിഷ് പട അവസാന മത്സരത്തില്‍ ആതിഥേയരെ പച്ചതൊടിക്കാതെ കളിയുടെ പൂര്‍ണസമയവും കവരുകയായിരുന്നു. മെല്‍ബണിനെതിരേ തുടക്കം മുതല്‍ തന്നെ ഗോള്‍വല നിറച്ച് പ്രതിരോധത്തിന്റെ കുന്തമുന തീര്‍ത്ത ജിറോണ എഫ്.സി ഇന്നലെ ആദ്യപകുതിയില്‍ ഒരു ഗോള്‍ മാത്രം അടിച്ചുകൊണ്ട് കല്‍പന്ത് കളി ആസ്വദിക്കുകയായിരുന്നു.













