ഫെയ്‌സ്ബുക്ക് ചോര്‍ച്ച; കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്

ന്യൂ​ഡ​ല്‍​ഹി:ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയ കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്. ലണ്ടന്‍ ഹൈക്കോടതി ഇവരുടെ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഈ അപേക്ഷ സ്വീകരിച്ച ലണ്ടന്‍ ഹൈക്കോടതി ഉടനടി നടപടിക്ക് ഉത്തരവിടുകയായിരുന്നു.

ലണ്ടന്‍ ഇന്‍ഫര്‍മഷന്‍ കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്. ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെടുന്ന ഒട്ടേറെ വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഉപയോക്താക്കളുടെ ചോര്‍ത്തിയ വിവരങ്ങള്‍ കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇപയോഗിച്ചുവെന്ന ആരോപണം തെളിവുകള്‍ സഹിതം പുറത്തുവന്നതോടെ, ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക് സക്കര്‍ബര്‍ഗിനോട് വിശദീകരണം നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേംബ്രിജ് അനലിറ്റക്കയുടെ ഇടപാടുകാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ഇന്ത്യയും ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 31 നുള്ളില്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്‌സ്ബുക്ക് ഉടമ സക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *