ഫലപ്രദമല്ലെന്ന് കണ്ടെത്തൽ; കൊവിഡ് ചികിത്സയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി

കൊവിഡ് ചികിത്സാ മാരഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കൊവിഡ് ബാധയ്ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ അറിയിച്ചതിനെ തുടർന്നാണ് നീക്കം. നേരത്തെ, ലോകാരോഗ്യ സംഘടനയും പ്ലാസ്മ തെറാപ്പിയിൽ ആശങ്ക അറിയിച്ചിരുന്നു.

കൊവിഡ് ബാധിതരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താനോ ഗുരുതരമായവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ പ്ലാസ്മ തെറാപ്പി സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്ലാസ്മ തെറാപ്പി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് ഇത്തരത്തിൽ പുതുക്കിയ മാർഗരേഖ പുറത്തിറക്കിയത്. മുൻപ് തന്നെ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പല ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു.

കൊവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. രാജ്യത്ത് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ ക്യാംപയിനുകൾ നടന്നിരുന്നു. സംവിധായകൻ എസ് എസ് രാജമൗലി അടക്കമുള്ളവർ പ്ലാസ്മ ദാനം ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *