പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ആലോചന

പ്രിയങ്ക ഗാന്ധിയെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 ാം വാര്‍ഷികം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ഈ നിര്‍ദേശം നേതാക്കള്‍ക്ക് മുമ്ബില്‍ വച്ചതായി ദേശീയ മാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടിയിലെ നേതൃമാറ്റത്തെക്കുറിച്ച്‌ മുതിര്‍ന്ന നേതാക്കളുമായി സോണിയ ആശയവിനിമയം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് പ്രിയങ്കയെ വര്‍ക്കിങ് പ്രസിഡന്റാക്കിക്കൂടാ എന്നും അവര്‍ ചോദിക്കുകയുണ്ടായി.

ഇത് യാദൃച്ഛികമായി ചോദിച്ചതാവില്ല, സോണിയയുടെ മനസ്സില്‍ ഇത്തരത്തില്‍ ഒരു ആലോചനയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിത്, പാര്‍ട്ടിക്കും ഇത് ഗുണം ചെയ്യം- ഒരു പ്രവര്‍ത്തക സമിതി അംഗം പറഞ്ഞു. കഴിഞ്ഞകുറേക്കാലമായി പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയ്ക്ക് പദവിയും ഉത്തരവാദിത്വവും നല്‍കണമെന്ന മുറവിളി ഉയരുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ഈ ആവശ്യം ഉയരുമ്ബോഴും റായ്ബറേലിയിലും അമേഠിയിലും മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം ഒതുക്കാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയണമെങ്കില്‍ ഒരു യുവമുഖം പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തേ മതിയാകൂവെന്ന് സോണിയ ഏറ്റവും അടുപ്പമുള്ള നേതാക്കളോട് തുറന്നുപറഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
സോണിയ ഈ നിര്‍ദേശം മുന്നോട്ടുവച്ച കൂടിക്കാഴ്ചയില്‍ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടിയിലെ പഴയ തലമുറയും രാഹുലിന്റെ ടീമും തമ്മില്‍ നിലനില്‍ക്കുന്ന ആശയഭിന്നതയാണ് മോദിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് കൃത്യമായ പദ്ധതി ഒരുക്കുന്നതിന് കഴിയാതെ പോകാന്‍ കാരണമെന്നും ചില നേതാക്കള്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *