പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്‍മേല്‍ പ്രശ്‌നമുണ്ടാക്കരുത്; കണ്ണൂരില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സിപിഐഎം- ബിജെപി ധാരണ

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അവസാനിപ്പിക്കാനും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐഎമ്മും ബിജെപി- ആര്‍എസ്എസും തമ്മില്‍ കണ്ണൂരില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ ധാരണ.

പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്‍മേല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഇരുവിഭാഗം നേതാക്കളഉം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒരുതരത്തിലും സംഘര്‍ഷം ഉണ്ടാകരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ആളിക്കത്താതെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും സിപിഐഎമ്മും ബിജെപിയും അണികള്‍ക്ക് നിര്‍ദേശം നല്‍കും. 10 ദിവസത്തിനുള്ളില്‍ സമാധാന ചര്‍ച്ചയിലെ ധാരണകള്‍ പാര്‍ട്ടിയുടെ താഴെ തട്ടിലെ പ്രവര്‍ത്തകരിലും അണികളിലുമെത്തിക്കാനാണ് ധാരണ. ഇരു പാര്‍ട്ടികളും പാര്‍ട്ടി യോഗങ്ങള്‍ താഴെതട്ടില്‍ വിളിച്ചു ചേര്‍ക്കും.

പയ്യന്നൂരിലും തലശ്ശേരിയിലും പ്രാദേശിക ഉഭയകക്ഷി യോഗങ്ങള്‍ ചേരാന്‍ തീരുമാനമായി. സമാധാനവും ശാന്തിയുമുണ്ടാകാന്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇനി ഒരു തുള്ളി ചോര വീഴാതെയിരിക്കാനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് ഉഭയകക്ഷി യോഗം ചേര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *