പ്രളയം: ആരോഗ്യ മേഖലയ്ക്ക് 325.5 കോടി അനുവദിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക് കൈമാറി.

പ്രളയത്തിന്‌ ശേഷമുള്ള കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യം പലയിടത്തും തകര്‍ന്നുപോയെന്നും ആശുപത്രികള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ കേന്ദ്രസഹായം അത്യാവശ്യമാണെന്നും കെ കെ ശൈലജ പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് ആവശ്യമായി വന്ന മരുന്നുകള്‍, ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യവിഭാഗം ജീവനക്കാരുടെയും സേവനം എന്നിവ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങളോട് കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്രം അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ലോകത്തിന് മാതൃകയാണെന്നും കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. ഡെങ്കിയുള്‍പ്പെടെയുള്ള പനികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ക്ലോറിനേഷന്‍ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കണം. കൊതുക് നിവാരണം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായി നടത്തേണ്ടതുണ്ട്.

ഇതിന് പൊതുജനങ്ങളുടെ സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആവശ്യമുള്ളവ, ഹ്രസ്വകാല ഘട്ടത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലികമായി ഡോക്ടറെയും മറ്റ് ജീവനക്കാരെയും കൂടുതലായി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആരോഗ്യരംഗത്തുണ്ടായ നഷ്ടങ്ങളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനസര്‍ക്കാരും ആരോഗ്യവകുപ്പുദ്യോഗസ്ഥരും നടത്തിയ കൃത്യമായ ഇടപെടല്‍ മൂലം പ്രളയത്തെത്തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുധന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത് ഈ ഇടപെടല്‍ കൊണ്ടാണെന്ന് സെക്രട്ടറി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍, എന്‍എച്ച്എം സംസ്ഥാനമിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഡിഎച്ച്എസ് ഡോ ആര്‍ എല്‍ സരിത, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ റംല ബീവി തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *