പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയതായി സിഎജി റിപ്പോര്‍ട്ട്; 195.82 കോടി കേന്ദ്രസഹായം നഷ്ടമായി

പ്രധാനമന്ത്രി ആവാസ് യോജന നടത്തിപ്പിലെ അപാകതകള്‍ മൂലം കേരളത്തിന് 195.82 കോടി രൂപയുടെ ധനസഹായം നഷ്ടമായെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പദ്ധതി നിര്‍വ്വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും കൃത്യമായ മേല്‍നോട്ടമില്ലായ്മയും മൂലമാണ് കേരളത്തിന് ധനസഹായം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പിഎംഎവൈ സഹായത്തിന് അര്‍ഹരായവരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലും വീഴ്ച്ച സംഭവിച്ചതായി നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലുണ്ട്.

ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിലും കേരളത്തിന് വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയിലെ 42,431 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനായിരുന്നു കേന്ദ്രധനസഹായം. പദ്ധതി 12 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

പദ്ധതി പ്രകാരം ലഭിക്കുന്ന കേന്ദ്രസഹായം കൊണ്ട് വൃദ്ധരേയും ദുര്‍ബല വിഭാഗങ്ങളയും സഹായിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ധനസഹായം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *