പ്രതിഷേധിച്ചതിന്‌ സസ്‌പെൻഷൻ; പാർലമെന്റിന്‌ മുന്നിൽ പ്രതിപക്ഷ എംപിമാരുടെ അനിശ്ചിതകാല സമരം

കർഷക വിരുദ്ധമായ കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് സസ്പെൻഡ്‌ ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമും പാർടി സംസ്ഥാന കമ്മിറ്റി അംഗമായ കെ കെ രാഗേഷുമുൾപ്പെടെയുള്ള എംപിമാരാണ്‌ സമരം നടത്തുന്നത്‌.

കേരളത്തില്‍ നിന്നുള്ള സിപിഐ എം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം, ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരെയാണ്‌ പുറത്താക്കിയത്‌.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭയില്‍ നിന്ന് പുറത്ത് പോകാന്‍ തയ്യാറായില്ല. പ്രതിഷേധവുമായി സഭയില്‍ തുടര്‍ന്നു. ഇതോടെ പലതവണ നിര്‍ത്തിവെച്ച രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്‌പെന്‍ഷനിലായ അംഗങ്ങള്‍ക്ക്‌ വിശദീകരണം നല്‍കാന്‍ അവസരം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരിച്ചത്. പാര്‍ലമെന്ററി, വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

സമ്മേളന കാലയളവ് കഴിയുന്നത് വരെയാണ് എട്ട് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌തത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സഭയില്‍ തുടരാന്‍ അവകാശമില്ല, അവരുടെ സാന്നിധ്യത്തില്‍ സഭയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. സഭ ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെ മറ്റു പ്രതിപക്ഷ എംപിമാർ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി.

ഇതിനിടെ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ പ്രതിനിധി സംഘം വൈകീട്ട് 4.30 ഓടെ രാഷ്ട്രപതിയെ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *