പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി; സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണം

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാര്‍ച്ച്‌ മാസം നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാനയിലും നടന്ന കര്‍ഷക സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇതേതുടര്‍ന്നാണ് പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

പ്രതിഷേധ സമരങ്ങള്‍ക്ക് പൊതുനയം പ്രായോഗികമല്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ എങ്ങനെ സംവാദം നടക്കണമെന്നതാണ് വിഷയമെന്നും ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *