‘പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്’; സംഘര്‍ഷങ്ങള്‍ക്കിടെ ബൈഡന്‍; നെതന്യാഹുവുമായി സംസാരിച്ചു

പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരവെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സംഘര്‍ഷം എത്രയും പെട്ടന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ബൈഡന്‍ പ്രതികരിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് പ്രതികരണം. ഒപ്പം ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ ഇനിയും വൈകാതെ പെട്ടന്ന് തന്നെ സംഘര്‍ഷം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ആയിരക്കണക്കിന് റോക്കറ്റുകള്‍ നിങ്ങളുടെ മേഖലയിലേക്ക് വരുമ്പോള്‍ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്,’ ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയില്‍ അറിയിച്ചു. ഗാസ മുനമ്പില്‍ നിന്നും ആക്രമണം നടത്തുന്ന ഹമാസിനെതിരെയും മറ്റ് തീവ്രവാദ സംഘടനകള്‍ക്കെതിരെയുമുള്ള ആക്രമണം തുടരുമെന്ന് നെതന്യാഹു ബൈഡനെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ ഹമാസ് ഉള്‍പ്പെടുന്ന സേനകളും ഇസ്രായേല്‍ സേനയും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗാസയില്‍ 65 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് അംഗങ്ങള്‍ക്ക് പുറമെ 14 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്രായേലില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇസ്രായേലിലെ നഗരങ്ങളില്‍ അറബ് വംശജരും ജൂതരും തമ്മില്‍ സംഘര്‍ഷമുണ്ട്. കലാപസമാനമായ അന്തരീക്ഷമാണ് നഗരങ്ങളില്‍. 374 പേര്‍ സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായി. 36 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ നഗരങ്ങളിലേക്ക് സൈനികരെ ഇറക്കാന്‍ പദ്ധതിയുണ്ടെന്ന് നെതന്യാഹു അറിയിച്ചു.

രാജ്യത്തിനു പുറത്തുള്ള ശത്രുക്കളില്‍ നിന്നും രാജ്യത്തിനുള്ളിലെ കലാപകാരികളില്‍ നിന്നും ഇസ്രായേലിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ബാസ്സിം ഇസ്സ ഉള്‍പ്പെടുന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *