പ്രതിപക്ഷ സമരം മനുഷ്യജീവന് നേര്‍ക്കുള്ള വെല്ലുവിളി: സി.പി.എം

സാമൂഹ്യവ്യാപനത്തിനരികില്‍ സംസ്ഥാനം നില്‍ക്കെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിലെ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നതാണ് മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എന്‍.ഐ.എ ഉള്‍പ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജന്‍സിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. എന്‍.ഐ.എ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയെയും സംരക്ഷിക്കുന്ന പണി എല്‍.ഡി.എഫ് സര്‍ക്കാരിനില്ല.
കൊവിഡ് പ്രോട്ടോക്കോള്‍ പോലും കാറ്റില്‍പ്പറത്തി സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ്. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ശരിയായി നടന്നാല്‍ പലരും കുടുങ്ങുമെന്ന ഭയം ബി.ജെ.പിയെയും യു.ഡി.എഫിനെയും വിറളി പിടിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് ശക്തികളെയും സഹായികളെയും പുറത്തുകൊണ്ടുവരാനുദ്ദേശിച്ചുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാനാണോ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *