പോലീസ് അക്കാദമി ഐ.ജിയുടെ ഔദ്യോഗിക വസതിയില്‍ അമൃതാന്ദമയി; സന്ദര്‍ശനം വിവാദമാകുന്നു


മാതാഅമൃതാനന്ദമയി പോലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ.ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്കു പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ് അമൃതാനന്ദമയിയുടെയും ഭക്തരുടെയും സന്ദര്‍ശനം.
സുരേഷ് രാജ് പുരോഹിത് ചുമതലയേറ്റതിനുശേഷം പോലീസ് അക്കാദമിയില്‍ നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്കുപോലും അക്കാദമിയിലേക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അക്കാദമയില്‍ മാംസ്യാഹാരം നിരോധിച്ചതും ട്രെയിനികളെ പീഡിപ്പിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. നാളുകള്‍ക്കുമുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവം ദൃശ്യങ്ങളോടെ മാധ്യമങ്ങള്‍ പുറത്തുവിട്ടതും വിവാദമായി. ആഭ്യന്തരമന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കാതെ ആഭ്യന്തരവകുപ്പ് ഇത് ഒതുക്കി. തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അന്വേഷണം തടസപ്പെടുത്തി. സമ്മര്‍ദത്തെത്തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായെങ്കിലും നിയമവശം പരിശോധിക്കാനെന്ന സാങ്കേതികത്വം പറഞ്ഞ് ഫയല്‍ പിന്നെയും പിടിച്ചുവച്ചു. പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിപ്പിച്ച സംഭവം പരാതി നല്‍കിയ അക്കാദമിയിലെ അഞ്ച് ട്രെയിനികളെ പരിശീലനത്തിന്റെ പേരില്‍ സത്യമംഗലം കാട്ടിലേക്ക് ശിക്ഷണ പരിശീലനത്തിനു വിട്ടതും വിവാദമായി.




Sharing is Caring