പൊലീസ് സ്റ്റേഷന്‍ പെയിന്റടി വിവാദം; ലോക്‌നാഥ് ബെഹ്‌റക്ക് ക്ലീന്‍ ചിറ്റ്


പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ് തന്നെ അടിക്കണം എന്ന വിവാദ ഉത്തരവില്‍ ഡിജിപി ലോക്നാഥ് ബെഹ്റക്ക് ക്ലീന്‍ ചിറ്റ്. ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന് നിര്‍ദേശിച്ചിറക്കിയ സര്‍ക്കുലറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.


ബെഹ്‌റയ്‌ക്കെതിരായ പരാതി നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരാതിയില്‍ കേസെടുക്കേണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരു കമ്പനിയുടെ നിറമല്ല നിര്‍ദേശിച്ചതെന്നും കളര്‍ കോഡാണ് നിര്‍ദേശിച്ചതെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.


സംസ്ഥാനത്തെ 420 ഓളം വരുന്ന പൊലീസ് സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്റ് അടിക്കാനാണ് ബെഹ്‌റ ഉത്തരവിറക്കിയത്. ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്റ് വാങ്ങാന്‍ നിര്‍ദ്ദേശിച്ച ഡിജിപിയുടെ നടപടി അഴിമതിയാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്.

വിവാദത്തില്‍ ബെഹ്‌റയെ ന്യായീകരിച്ച് സെന്‍കുമാറും രംഗത്ത് വന്നിരുന്നു. ഫെബ്രുവരി 15ന് നടന്ന കണ്‍സ്ട്രക്ഷന്‍ റിവ്യൂ യോഗത്തിലാണ് സ്റ്റേഷനുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ ബെഹ്റ തീരുമാനിച്ചത്. അനുയോജ്യമായ നിറം നിര്‍ദ്ദേശിക്കാന്‍ പൊലീസ് ഹൗസിങ് സൊസൈറ്റി എംഡിയെ ചുമതലപ്പെടുത്തി. എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 26 ന് ഉത്തരവിറക്കിയത്. പുതുതായി പെയിന്റടിച്ച പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂലക്സ് കൂടാതെ ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ഗര്‍ തുടങ്ങിയ പെയിന്റുകള്‍ ഉപയോഗിച്ചുണ്ടെന്നും സെന്‍കുമാര്‍ പരാതിക്കാരന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Sharing is Caring