ഇതുവരെ ഏഴായിരത്തിലധികം ഒഴിവുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തതായും ജൂണ്‍ മുപ്പത് വരെയുള്ള ഒഴിവുകളിലേക്ക് നേരത്തെയുള്ള ലിസ്റ്റില്‍ നിന്നായിരിക്കും നിയമനമെന്നും മുഖ്യമന്ത്രി. പൊലീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക അസ്ഥാനത്താണ്. 2019 ജൂലൈ ഒന്നിനാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തെ റാങ്ക് ലിസ്റ്റ് കാലാവധി ഈ വര്‍ഷം ജൂണ്‍ മുപ്പതിന് അവസാനിച്ചു. കോണ്‍സ്റ്റബിള്‍ തസ്‌തികയിലെ നിയമന പ്രക്രിയ പൂര്‍ത്തിയാകുന്നതിന് പരിശീലന കാലാവധിയടക്കം ഒരു വര്‍ഷമാണ് വേണ്ടത്.

അടുത്ത ഒരു വര്‍ഷത്തേക്ക് വരുന്ന ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്‌തത്. റാങ്ക് ലിസ്റ്റ് കാലയളവില്‍ 1200 താല്‍ക്കാലിക ട്രെയിനി കോണ്‍സ്റ്റബിള്‍ തസ്തിക അനുവദിക്കാറുണ്ട്. താല്‍ക്കാലിക ട്രെയിനി തസ്‌തിക കൂടി ഉള്‍പ്പെടുത്തി പിഎസസിക്ക് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എസ്‌സി എസ്‌ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, സ്പോര്‍ട്‌സ് ക്വാട്ട തുടങ്ങി 5626 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല.
അടുത്ത വര്‍ഷത്തേക്ക് വരാവുന്ന ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്നത് കൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്‌ടമുണ്ടാകില്ല. കാലാവധി കഴഞ്ഞ റാങ്ക് പട്ടികയില്‍ 7577 പേരാണ് ഉണ്ടായിരുന്നത്. 5626 ഒഴിവകള്‍(74.25 ശതമാനം) ഇതിനകം റിപ്പോര്‍ട്ട് ചെയ്‌തുകഴിഞ്ഞു. ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്‌ത ഒഴിവുകളിലേക്ക് നേരത്തെയുള്ള ലിസ്റ്റില്‍ നിന്ന് തന്നെയാണ് നിയമനം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.













