പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം;തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി ടി പി രാമകൃഷ്ണന്‍


പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍. ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്‌മെന്റ് നടന്നത് സ്ഥാനാര്‍ത്ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു. കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ ഇന്ന് വിശദീകരണം നല്‍കും.ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നാരോപിച്ച് യുഡിഎഫ് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.


അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി. തുടര്‍ന്ന് ടി പി രാമകൃഷ്ണന് നോട്ടീസ് അയക്കുകയായിരുന്നു.ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്‌മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.


ഇതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തഹ്ലിലക്കെതിരെ പരാതി നല്‍കിയ കീഴരിയൂര്‍ സ്വദേശി വീണ്ടും പൊലീസിനെ സമീപിച്ചു. തഹ്ലിയക്കെതിരെ പരാതി കൊടുത്തവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നുവെന്ന് കാട്ടി കോഴിക്കോട് റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്.



Sharing is Caring