പെണ്‍വാണിഭ റെയ്ഡ്: പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു


കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര്‍ പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു രണ്ടു ദിവസമായി നടന്ന അറസ്റ്റുകള്‍ വിശദീകരിച്ചുകൊണ്ടു തിരിവനന്തപുരത്തു വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.


15 പേരെയാണ് ആകെ പിടികൂടിയത്. ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേജ് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറ സ്വദേശി ഉമ്മറാ(28)ണ് പിടിയിലായ പ്രധാനി. ഉമ്മറിന്റെ ഭാര്യയും കസ്റ്റഡിയിലാണ്. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൂടാതെയുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രശ്മി നായരുടെ ആറുവയസുള്ള മകനാണ് ഒരാള്‍. മറ്റു രണ്ടുപേര്‍ ബംഗളുരു സ്വദേശിനികളായ പെണ്‍കുട്ടികളാണ്. ഇവരെ പൊലീസ് സംരക്ഷിക്കും. കുട്ടിയെ ചൈല്‍ഡ് ലൈനു കൈമാറുമെന്നും ശ്രീജിത്ത് പറഞ്ഞു.


ഇന്നലെ റെയ്ഡിനിടെ പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടും. ഇവര്‍ രശ്മി നായരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കൊച്ചിയിലെ രണ്ടു സ്ത്രീകളാണ്. ഫേസ്ബുക്കിന്റെ സഹായത്തോടെയാണ് ഉമ്മറിനെ കുടുക്കിയത്. പേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം ഫേസ്ബുക്ക് പൊലീസിന് കൈമാറിയിരുന്നു. കുട്ടികളുടെ അശ്ലീലം പ്രചരിപ്പിച്ചെന്നതു രാജ്യാന്തര തലത്തില്‍തന്നെ വലിയ കുറ്റമായതിനാല്‍ പൊലീസ് ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ഫേസ്ബുക്ക് നല്‍കി.

ബംഗളുരുവിലെ ലെനീഷ് മാത്യു എന്ന സ്ത്രീയാണ് അവിടെ നിന്നു പെണ്‍കുട്ടികളെ സംഘത്തിന് എത്തിച്ചു നല്‍കിയിരുന്നത്. നിരവധി പെണ്‍കുട്ടികളെ സംഘത്തിനു ബംഗളുരുവില്‍നിന്ന് എത്തിച്ചു നല്‍കിയതായാണ് വിവരം. ലെനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. ഇതിനായി ബംഗളുരു പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ബംഗളുരുവിലെ ഒരു കമ്പനിയുടെ മാനേജരാണെന്നാണ് ലെനീഷ് പറയുന്നത്. ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് സംഘത്തിലേക്കു കൊണ്ടുവരുന്നത്.



Sharing is Caring