പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി: മയങ്ങിയ കുട്ടികളെ പീഡിപ്പിച്ചു

ഹിമാചല്‍ പ്രദേശിലെ ചമ്ബാ ജില്ലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി ഉറക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി. ചമ്ബാ ജില്ലയിലെ ചില്ലി ഗ്രാമത്തിലുള്ള ബാലികാ ആശ്രമത്തിലെ ആറ് പെണ്‍കുട്ടികളാണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി നല്‍കിയത്. പതിനൊന്ന് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് പരാതിക്കാരായ പെണ്‍കുട്ടികള്‍.
രാത്രി ഭക്ഷണത്തിനു ശേഷം തങ്ങള്‍ വളരെ വേഗം ഉറങ്ങിപ്പോയെന്നും രാവിലെ വളരെ വൈകിയാണ് എഴുന്നേറ്റതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. എന്നാല്‍ രാത്രിയില്‍ എന്തോ മോശമായി സംഭവിച്ചു എന്ന് ഓരോരുത്തര്‍ക്കും അനുഭവപ്പെട്ടതായും ദിവസം മുഴവന്‍ എല്ലാവര്‍ക്കും ക്ഷീണം അനുഭവപ്പെട്ടതായും പെണ്‍കുട്ടികള്‍ പറഞ്ഞു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ച് വയസ്സുകാരി ബാലികാ ആശ്രമത്തിന്റെ ചുമതലയുള്ള ജുമാ ഖാനിനോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ആശ്രമത്തിലെ മുഴുവന്‍ പെണ്‍കുട്ടികളെയും കൗണ്‍സിംലിങിന് വിധേയരാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മറ്റ് അഞ്ച് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തിയത്.
അനാഥാലയത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അനാഥാലയത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ സംഭവം നടക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങള്‍ മാത്രമേ ക്യാമറയിലുണ്ടായിരുന്നുള്ളൂ. ക്യാമറാ സാങ്കേതിക തകരാറുകള്‍ കാരണം പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതര്‍ വിശദീകരണം നല്‍കി.
പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് സൂപ്രണ്ട് വീരേന്ദര്‍ തോമര്‍ പറഞ്ഞു.
അതേസമയം പൊലീസ് വിഷയത്തില്‍ ഉദാസീനത കാണിക്കുകയാണെന്ന് ബാലികാ ആശ്രമം ഭാരവാഹികള്‍ വ്യക്തമാക്കി. ‘പൊലീസ് ഓഫീസര്‍മാര്‍ കേസ് അന്വേഷണത്തിനായി എത്തേണ്ടത് യൂണിഫോമിലാണ് എന്നാല്‍ ഇവിടെ പൊലീസുകാര്‍ അനാഥാലയത്തിലെത്തിയത് സാധാരണ ഡ്രസ്സിലായിരുന്നു’. അധികൃതര്‍ പറഞ്ഞു. ‘അനാഥാലയം സ്ഥിതി ചെയ്യുന്നത് ഒറ്റപ്പെട്ട സ്ഥലത്താണ്. അതിനാല്‍ത്തന്നെ പീഡിപ്പിക്കപ്പെട്ടത് ആറ് പെണ്‍കുട്ടികള്‍ മാത്രമായിരിക്കണമെന്നില്ല. സത്യം വ്യക്തമാകണമെങ്കില്‍ ആശ്രമത്തിലെ മുഴുവന്‍ പെണ്‍കുട്ടികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം.’ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികളായ ജീവനക്കാര്‍ക്ക് പകരം സ്ത്രീ ജീവനക്കാരെ അനാഥാലയത്തില്‍ നിയമിച്ചു. രണ്ട് വനിതാ സുരക്ഷാ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *