‘പുതുവൈപ്പ് എല്‍.ഡി.എഫിന്റെ വിശ്വാസ്യതയ്ക്കുമേല്‍ കളങ്കം ചാര്‍ത്തി’- വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം


പുതുവൈപ്പില്‍ ഐ.ഒ.സിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് സി.പി.ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും.


സമരം വികസന സംരംഭങ്ങളെപ്പറ്റിയും വികസന സംസ്‌കാരത്തെപ്പറ്റിയും കേരള സമൂഹത്തെ ഇരുത്തിചിന്തിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു എന്ന ആമുഖത്തോടെയുള്ള എഡിറ്റോറയല്‍ പൊലിസ് നടപടിയെ നിശിതമായി വിമര്‍ശിക്കുന്നു. പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലിസ് ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലിസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേലാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നതെന്നും സി.പി.ഐ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.


ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലിസ് പെരുമാറുമെന്ന വിശ്വാസത്തിന് മങ്ങലേറ്റു. ആരു ഭരിച്ചാലും പൊലിസ് പഴയ പടിയേ പ്രവര്‍ത്തിക്കൂ എന്ന തോന്നല്‍ ജനങ്ങളില്‍ ബലപ്പെടുത്താന്‍ അതിടയാക്കി- മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ് പൊലിസ് നരനായാട്ടുമായി കൂട്ടിവായിക്കാന്‍ പല കേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലിസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെ പൊലിസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാനും ലേഖനം ആവശ്യപ്പെടുന്നു.

വികസനമെന്നാല്‍ പത്തുവരിപ്പാതകളും വമ്പന്‍ തുറമുഖങ്ങളും ലോകോത്തര വിമാനത്താവളങ്ങളും വാതകക്കുഴല്‍ ശൃംഖലകളും വ്യവസായ സമുച്ചയങ്ങളും അണക്കെട്ടുകളും ആഡംബര മാളുകളുമുള്‍പ്പെട്ട നിര്‍മിതികളായി കാണുന്ന പാശ്ചാത്യ മുതലാളിത്ത സംസ്‌കാരം ലോകമെങ്ങും ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യ ജീവിതത്തിന് ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാവണം. പക്ഷെ മഹാഭൂരിപക്ഷം വരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതനിലനില്‍പിനെ അപ്പാടെ നിഷേധിച്ചുകൊണ്ടാവരുത് അത്. അവനും അവന്റെ ജീവിതവും അവന്‍ ജീവിക്കുന്ന ജൈവപ്രകൃതിയും കേന്ദ്രമായുള്ള ഒരു വികസനം മാത്രമേ അവന് സ്വീകാര്യമാവു.

വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും വഴിതെളിക്കുക. എന്‍ഡോസള്‍ഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയാറാവണം. പുതുവൈപ്പ് പദ്ധതിയെപ്പറ്റി പുറത്തുവന്ന വസ്തുതകള്‍ വെളിപ്പെടുത്തുന്നത് വികസന പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച സമസ്ത മാനദണ്ഡങ്ങളുടെയും നിരാസമാണ്. തീരദേശ പരിപാലനം സംബന്ധിച്ച എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും അവിടെ അട്ടിമറിക്കപ്പെട്ടു. ഒരു ബൃഹദ് പദ്ധതിക്ക് അനിവാര്യമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങള്‍ യാതൊന്നും തൃപ്തികരമായോ ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധമോ നിര്‍വഹിക്കപ്പെട്ടില്ല.

പദ്ധതി പ്രദേശത്തെ തദ്ദേശ ഭരണകൂടത്തിന്റെ അഭിപ്രായത്തിനോ എതിര്‍പ്പിനോ പുല്ലുവില കല്‍പിക്കപ്പെട്ടില്ല. വികസനത്തിന്റെ പേരില്‍ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ് പുതുവൈപ്പില്‍ ചോദ്യം ചെയ്യപ്പെടുന്നത്. പുതുവൈപ്പിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാതൊരു മുന്‍വിധിയും കൂടാതെ പ്രക്ഷുബ്ധരായ അവിടത്തെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. പൊലിസ് അതിക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങളും കാരണങ്ങളും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിന് വിധേയമാവണമെന്നും ജനയുഗത്തിലൂടെ സി.പി.ഐ ആവശ്യപ്പെടുന്നു.



Sharing is Caring