ട്രിവാന്‍ഡ്രം മാരത്തണ്‍ തലസ്‌ഥാന നഗരിക്ക് പുതുമയായി. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരത്തിന്റെ പ്രധാന വീഥികളിലൂടെ കടന്ന് തിരികെ സ്‌റ്റേഡിയത്തില്‍ തന്നെ സമാപിച്ചു. ഗ്ലാമര്‍ വിഭാഗമായ 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തോണില്‍ ലഖ്‌നൗ സ്വദേശി ഹാറുണ്‍ അലി ചാമ്പ്യനായി. 21.2 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ ലക്കിനാരായണന്‍ സാഹയും വനിത വിഭാഗത്തില്‍ ഒലിവിയ കെലത്തും ജേതാക്കളായി. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മാരത്തണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്‌തു. പ്രശസ്‌ത കെനിയന്‍ ഓട്ടക്കാരായ ഐസക് കിപ്‌കെമോള്‍, റൂത്ത് ഞേരി, ടൈറ്റസ്, ഹന്ന വബേര എന്നിവര്‍ ചേര്‍ന്നാണ് മാരത്തണിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ഇവര്‍ മാരത്തണിന്റെ പ്രചാരണത്തിന്റെ ഭാഗമായി 21.2 കിലോമീറ്റര്‍ ദൂരം ഓടുകയും ചെയ്‌തു. ഇതില്‍ പത്തുകിലോമീറ്റര്‍ കുട്ടികളോടൊപ്പമായിരുന്നു ഓടിയത്. തിരുവനന്തപുരം മാരത്തണിന്റെ ഭാഗമായി ഇന്നര്‍ വീല്‍ ക്ലബ് ഓഫ് തിരുവനന്തപുരം ബ്ലോസ്സം ഭിന്നശേഷിയയുള്ള കുട്ടികള്‍ക്കായ അമേസിംഗ് ഗ്രേസ് എന്നു പേരില്‍ ഹ്രസ്വദൂര മാരത്തണും നടത്തി. മാരത്തണില്‍ നാലു വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. ഫുള്‍ മാരത്തണ്‍ 42.2 കിലോമീറ്റര്‍, ഹാഫ് മാരത്തണ്‍ 21.2 കിലോമീറ്റര്‍, അഞ്ചു വ്യക്‌തികള്‍ രണ്ടു കിലോമീറ്റര്‍ ഓടുന്ന 10 കിലോമീറ്റര്‍ കോര്‍പറേറ്റ് റിലേ, കുട്ടികള്‍ക്കുള്ള അഞ്ച് കിലോമീറ്റര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സൗഹൃദ ഓട്ടം, കുടുംബത്തോടൊപ്പമുള്ള അഞ്ചുകിലോമീറ്റര്‍ സൗഹൃദ ഓട്ടം എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന സമാപന ചടങ്ങില്‍ റാണി ഗൗരി പാര്‍വതി ഭായി വിജയികള്‍ക്ക് ജി.വി രാജ സ്‌മാരക സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു.












