പുതിയ മദ്യനയം ; കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടിയേരി


തിരുവനന്തപുരം: ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.


പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറയ്ക്കാനുളള ശ്രമങ്ങളാണു തങ്ങള്‍ നടത്തുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാനത്തു പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കുവെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു.



Sharing is Caring