പുകയില അഴിമതിയെപ്പറ്റി ആദായനികുതിവകുപ്പ് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച രഹസ്യ കുറിപ്പ് വി.കെ. ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി മദ്രാസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തല്‍.
ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. കഴിഞ്ഞ നവംബര്‍ 17-ന് നടത്തിയ റെയ്ഡിലാണ് കുറിപ്പ് കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സൂസി ബാബു വര്‍ഗീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന ഡി.ജി.പി.ക്കും ജയലളിതയ്ക്കും പ്രത്യേകം രഹസ്യകത്തുകള്‍ അയച്ചിരുന്നെന്നും വ്യക്തമാക്കി.

നിരോധിത പുകയില ഉത്പന്ന കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ. എം.എല്‍.എ. ജെ. അന്‍പഴന്‍ നല്കിയ പൊതുതാത്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പുകയില ഉത്പന്ന വില്പനയുമായി ബന്ധപ്പെട്ട് 2016- ജൂണില്‍ മാധവറാവുവിന്റെ കമ്ബനിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോഴാണ് മൂന്നുവര്‍ഷമായി നടന്ന കോടികളുടെ അഴിമതി പുറത്തുവന്നത്.
മാധവറാവുവിന്റെ മൊഴിയും പിടിച്ചെടുത്ത സാധനങ്ങളുടെ വിവരവുമാണ് രഹസ്യ കത്തിലുണ്ടായിരുന്നതെന്ന് സൂസി ബാബു വര്‍ഗീസ് പറഞ്ഞു. മാധവറാവു വിവിധ ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും നല്കിയ ‘മാസപ്പടി’യുടെ വിവരങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും നേരേ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്ന വിവരങ്ങളും രഹസ്യ കത്തിലുണ്ടായിരുന്നു.
മാധവറാവുവിന്റെ വടക്കന്‍ ചെന്നൈയിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും ആരോഗ്യമന്ത്രിക്കും നല്കിയ ‘മാസപ്പടി’യുടെ കണക്കുകള്‍ വെളിപ്പെടുത്തുന്ന ഡയറി കണ്ടെടുത്തിരുന്നു. ഡയറിയില്‍ ആരോഗ്യ മന്ത്രിയെ ‘എച്ച്.എം.’ എന്നും സിറ്റി പോലീസ് കമ്മിഷണറെ ‘സി.പി.’ എന്നുമാണ് ചുരുക്കപേരില്‍ എഴുതിയിരുന്നതെന്ന് മാധവറാവു ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിരുന്നു. ആരോഗ്യമന്ത്രിക്ക് 2016 ഏപ്രില്‍ ഒന്നിനും ജൂണ്‍ 15-നും ഇടയില്‍ 56 ലക്ഷം രൂപ കൈമാറിയെന്നും എഴുതിയിരുന്നു.
നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന 2013-ല്‍ തന്നെ തമിഴ്നാട്ടില്‍ നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും നഗരത്തില്‍ ലഭ്യമാണെന്ന് ഡി.എം.കെ. ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് സ്റ്റാലിനും ഡി.എം.കെ.എം.എല്‍.എ.മാരും പുകയില ഉത്പന്നങ്ങളുമായി നിയമസഭയില്‍ 2017 ജൂണില്‍ ഹാജരായിരുന്നു. മാധറാവുവിന്റെ ഡയറിയില്‍ വെളിപ്പെടുത്തിയിരുന്ന മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് 2017- ജുലായില്‍ പുകയില ഉത്പന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കമ്മിഷണറെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പുകയില അഴിമതി കേസ് അന്വേഷണത്തിന് നേതൃത്വം വഹിച്ച വിജിലന്‍സ് കമ്മിഷണര്‍ വി.കെ. ജയകോഡിയെ നാല് ദിവസം ലാന്‍ഡ് ട്രിബ്യൂണല്‍ കമ്മിഷണറായി നിയമിച്ചിരുന്നു. പുകയില അഴിമതി കേസില്‍ എന്തുകൊണ്ട് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു കൂടെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ജയകോഡിയെ സ്ഥലം മാറ്റിയത്.













