പി.വി.അന്‍വറിന്റെ മറ്റൊരു ക്രമക്കേട് കൂടി

നിലമ്ബൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ നടത്തിയ മറ്റൊരു ക്രമക്കേട് കൂടി പുറത്തായി. എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നാല് വര്‍ഷത്തോളം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സി.എ.ജിയുടെ റിപ്പോര്‍ട്ട് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. വിനോദ നികുതി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എം.എല്‍.എയില്‍ നിന്ന് പിഴ ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
2012ലാണ് മലപ്പുറം മഞ്ചേരിയില്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ പാര്‍ക്ക് പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. എന്നാല്‍ 2016ല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന തൃക്കലങ്ങോട് പഞ്ചായത്തില്‍ സി.എ.ജി ഓഡിറ്റ് നടത്തിയതോടെയാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ക്കിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പലതും പഞ്ചായത്ത് വിലയിരുത്തിയിട്ടില്ലെന്ന് സംഘം കണ്ടെത്തി. പാര്‍ക്കിലെ ഓഫീസ് കെട്ടിടം, വിശ്രമസ്ഥലം, ലഘുഭക്ഷണ കേന്ദ്രം എന്നിവ എവിടെയും രേഖപ്പെടുത്തിയിരുന്നില്ല.വിശദമായ പരിശോധനയില്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്നും സി.എ.ജി കണ്ടെത്തി. ഇത് കൂടാതെ പാര്‍ക്കിലെ നികുതി പിരിച്ചതിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് എം.എല്‍.എയില്‍ നിന്നും 6,19,500രൂപ പിഴ ഈടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി തുടങ്ങി
അതിനിടെ, എം.എല്‍.എ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ചെക്ക്ഡാം പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ആര്‍.ഡി.ഒ ഓഫീസില്‍ ചേരുമെന്നും വിവരമുണ്ട്.

ചെക്ക് ഡാം പൊളിച്ച് നീക്കണമെന്ന് മലപ്പുറം കളക്ടര്‍ അമിത് മീണ കഴിഞ്ഞ ദിവസം ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എട്ടുമാസം മുമ്ബ് ജില്ലാ കളക്ടറായിരുന്ന ടി.ഭാസ്‌കരനാണ് തടയണ പൊളിക്കാനുള്ള ഉത്തരവ് ആദ്യം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നു. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതര്‍ കൈമലര്‍ത്തിയത്. ഇതോടെയാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *