പാലക്കാട്: പി.കെ.ശശി എംഎല്‍എ നയിക്കുന്ന സിപിഐഎം ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കാല്‍നട ജാഥയ്ക്ക് തുടക്കമായി. ശബരിമല വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ പാര്‍ട്ടി നടത്തുന്ന ജാഥ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ അന്വേഷണം നേരിടുന്ന പി.കെ.ശശി നയിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ശശിയല്ലാതെ മറ്റേതെങ്കിലും നേതാവ് ഷൊര്‍ണൂരിലെ ജാഥ നയിക്കണമെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതെങ്കിലും ജില്ലാ നേതൃത്വം ശശിക്കായി ശക്തമായി നിലകൊണ്ടു.
എംഎല്‍എയുള്ള മണ്ഡലങ്ങളില്‍ അവരും മറ്റിടങ്ങളില്‍ പാര്‍ട്ടി തീരുമാനിക്കുന്ന നേതാവും ജാഥ നയിക്കുമെന്നായിരുന്നു തീരുമാനം. ഇന്നലെ തിരുവാഴിയോട്ടു നടന്ന സമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ശശിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

ശശിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയ ചെര്‍പ്പുളശ്ശേരി മേഖലയിലെ നേതാക്കള്‍ അടക്കം ജാഥയില്‍ 100 സ്ഥിരാംഗങ്ങളാണ് ഉള്ളത്. ഇവരെക്കൂടാതെ ഓരോ സ്വീകരണ കേന്ദ്രത്തില്‍ നിന്നും 150 അംഗങ്ങള്‍ വീതം അടുത്ത കേന്ദ്രം വരെ ജാഥയില്‍ അണിനിരക്കും. ഇന്നു പര്യടനം ആരംഭിക്കുന്ന ജാഥ 25നു സമാപിക്കും.
അതിനിടെ, യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 23നു സിപിഐഎം സംസ്ഥാന സമിതി പരിഗണിക്കുമെന്നാണു സൂചന. ശശി കുറ്റക്കാരനെന്നു കണ്ടെത്തുകയും അന്നുതന്നെ നടപടി പ്രഖ്യാപിക്കുകയും ചെയ്താല്‍ പിന്നീട് ജാഥ ആരു നയിക്കുമെന്ന ചോദ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, കാര്യമായ നടപടികള്‍ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണു ശശിയെ അനുകൂലിക്കുന്ന വിഭാഗം.













