ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും; തുടരണോയെന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും


പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. തുടരണോയെന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് വരികയാണ്. സന്നിധാനം , പമ്പ ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇത് നിലനില്‍ക്കുന്നതിനാലാണ് സന്നിധാനത്ത് കൂട്ടം ചേര്‍ന്ന് നാമം ജപിച്ച് പ്രതിഷധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു


ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെ കുറഞ്ഞതോടെ നിലയ്ക്കലിലെയും പമ്പയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചു. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ അനുവാദം നല്‍കിയ പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍, ഇപ്പോള്‍ ഭക്തിഗാനമേളയൊക്കെ ഉണ്ട്. എന്നാല്‍ ശ്രോതാക്കള്‍ നന്നെ കുറവാണ്.


ഇതുവരെ, രാത്രി ഒമ്പതിനും പുലര്‍ച്ചെ രണ്ടിനും മധ്യേ ആരെയും മലചവിട്ടാന്‍ അനുവദിച്ചിരുന്നില്ല. രാവിലെ 11നും ഉച്ചക്ക് 2നും മധ്യേയും മലചവിട്ടാന്‍ അനുവാദമുണ്ടായിരുന്നില്ല..

മലചവിട്ടുന്നതിനുള്ള നിയന്ത്രണം നീക്കിയതിനൊപ്പം, നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളുടെ നിയന്ത്രണവും പിന്‍വലിച്ചു. ഇനി അവശേഷിക്കുന്നത് സന്നിധാനത്തെ വാവര്‍ സ്വാമി നടയിലെ ബാരിക്കേഡും, വിരിവയ്ക്കാനുള്ള നിരോധനവുമാണ്.



Sharing is Caring