പാൽ തൊണ്ടയിൽ കുടുങ്ങി; 71കാരി ജന്മം നൽകിയ കുഞ്ഞ് 45-ാം ദിനം മരിച്ചു.

ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45 ാം ദിവസം മരിച്ചു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ മാര്‍ച്ച്‌ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു.

ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു.

സുധര്‍മയും ഭര്‍ത്താവ് റിട്ട. പൊലീസ് ടെലി കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചുവരികയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ തൂക്കം 1100 ല്‍ നിന്നും 1400ലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിനിടയിലാണ് ദുരന്തം സംഭവിച്ചത്.

കുഞ്ഞിന്റെ ജനനം സുധര്‍മയ്ക്കും ഭര്‍ത്താവിനും വലിയൊരു നഷ്ടപ്പെടലിന്റെ വേദനയില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു.ഒന്നര വര്‍ഷം മുന്‍പ് 35 വയസുള്ള ഇവരുടെ ഏകമകന്‍ സുജിത് സൗദിയില്‍‌ മരിച്ചതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം സുധര്‍മയ്ക്കുണ്ടായത്. കൃത്രിമ ഗര്‍ഭധാരണം എന്ന ആവശ്യവുമായി എത്തിയപ്പോള്‍ ആദ്യം ഡോക്ടര്‍മാര്‍ എതിര്‍ത്തു. ഇത്രയും കൂടിയ പ്രായത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചെങ്കിലും സുധര്‍മ തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ സുധര്‍മയുടെ നിര്‍ബന്ധത്തിന് ഡോക്ടര്‍മാര്‍ വഴങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *