പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്ന് കെ.സുധാകരന്‍

പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിവരികയാണ്. ഈ തവണ യു.ഡി.എഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസ് പാർട്ടിക്ക് വലിയ ക്ഷീണമാകും. സംഘടനാ രംഗത്തെ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പില്ലെന്നും കെ സുധാകരൻ മീഡിയവണിന്‍റെ റോഡ് ടു വോട്ടിൽ പങ്കെടുത്ത് പറഞ്ഞു.

യു.ഡി.എഫ് – എൽ.ഡി.എഫ് മുന്നണികൾക്ക് ബദലായി ബി.ജെ.പിയുടെ വളർച്ച തള്ളിക്കളയാനാവില്ല, ബി.ജെ.പിയെ വളരാൻ അനുവദിച്ചാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം കലങ്ങിമറിയും. ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാകും. പാർട്ടിക്കകത്ത് ജനാധിപത്യത്തിന്‍റെ പോരായ്മയുണ്ട്, സംഘടനാ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പില്ലെന്ന് സുധാകരന്‍ പറഞ്ഞു.

സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനത്തോട് കിടപിടിക്കാൻ കോൺഗ്രസിന് ആവില്ല , തനിക്ക് അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനരുജ്ജീവിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *