പാലാരിവട്ടം ഫ്ലൈഓവര്‍ ഒക്ടോബര്‍ 12 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖേന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇടപ്പള്ളി ഫ്ലൈഓവര്‍ കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊച്ചി നഗരത്തിലെ രണ്ടാമത്തെ ഫ്ലൈഓവറായ പാലാരിവട്ടം ഫ്ലൈഓവറിന്റെ ഉദ്ഘാടനം. പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അദ്ധ്യക്ഷനാകും.
ദേശീയപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളായ വൈറ്റില, കുണ്ടന്നൂര്‍ എന്നിവടങ്ങളില്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ദേശീയപാതയിലെ ഈ ഫ്ളൈഓവറുകള്‍ നിര്‍മ്മിക്കുന്നതിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്ത് വരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി – കൊച്ചി ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് 50 കോടി രൂപ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുമ്പളം–തേവര പാലത്തിന് 100 കോടി രൂപയും കുമ്പളങ്ങി – കെല്‍ട്രോണ്‍ – കെല്‍ട്രോണ്‍ ഫെറി പാലത്തിന് 45 കോടി രൂപയും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി എറണാകുളം ജില്ലയിലേയും പ്രത്യേകിച്ചും കൊച്ചി നഗരത്തിലും ഇന്നനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.














