പാലാരിവട്ടം പാലം അഴിമതി;കൂടുതൽ ആരോപണവുമായി ടിഒ സൂരജ്


കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ കേരളയുടെ മുന്‍ എംഡി മുഹ്മദ് ഹനീഷിനെതിരേയും ആരോപണവുമായി ടിഒ സൂരജ്. അന്ന് പാലാരിവട്ടം പാലം നിര്‍മ്മാണഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ടിഒ സൂരജ്.


തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്നും പലിശ വാങ്ങാതെ ഫയലില്‍ എഴുതാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് രേഖാമൂലം തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ, മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോഴായിരുന്നു സൂരജിന്റെ പ്രതികരണം. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്.


ഇതോടെ റിമാന്‍ഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാംപ് സിറ്റിങ്ങിലാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.



Sharing is Caring