പാറ്റൂര്‍ ഭൂമിയിടപാട്: വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം


പാറ്റൂര്‍ ഭൂമിയിടപാടില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. തെളിവുകള്‍ ഉണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ചോദിച്ചു.


പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്. ഫയലുകള്‍ ലോകായുക്തയുടെ പരിഗണനയിലായതിനാലാണ് കേസ് എടുക്കാത്തത് എന്നായിരുന്നു വിജിലന്‍സിന്റെ വിശദീകരണം.


പാറ്റൂരില്‍ കയ്യേറ്റം നടന്നതായി കഴിഞ്ഞ വര്‍ഷം നിരീക്ഷിച്ച കോടതി ഇത് ആദ്യമായാണ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്ന ആരോപണത്തില്‍ തെളിവുകള്‍ ഉണ്ടായിട്ടും കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഫ്ലാറ്റ് കമ്പനി 16 സെന്റിലധികം ഭൂമി കയ്യേറിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.



Sharing is Caring