മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ സൈനിക മേധാവി എന്നിവര്‍ക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. പ്രധാനമന്ത്രി മോദി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരുസഭയുടെയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. 11 മണിക്ക് ഇരുസഭകളും ചേര്ന്നപ്പോഴേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഒരുതവണ നിര്‍ത്തിവെച്ച സഭ 12 മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. അതിനിടെ പരാമര്‍ശം നടത്തിയത് സഭയ്ക്കകത്തല്ലെന്നും അതിനാല്‍ ആരും മാപ്പ് പറയുന്നില്ലെന്നും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
പ്രതിഷേധം അവഗണിച്ചും അടിയന്തിര പ്രാധാന്യമുള്ള വിഷയാവതരണവുമായി ലോക്സഭ മുന്നോട്ട് പോയെങ്കിലും മുദ്രാവാക്യം വിളി ശക്തമായതോടെ 20 മിനിറ്റിനുശേഷം സഭ വീണ്ടും നിര്‍ത്തിവെച്ചു. ഇതിനിടെ മഹാനദി ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബ.ജെ.ഡി അംഗങ്ങള്‍ നല്കിയ അടിയന്തിര പ്രമേയത്തിനും സ്പീക്കര്‍ അനുമതി നിഷേധിച്ചു.തുടര്‍ന്ന് ബി.ജെ.ഡി അംഗങ്ങളും സഭക്കകത്തും പുറത്തും, ഗാന്ധിപ്രതിമക്ക് സമീപത്തും പ്രതിഷേധിച്ചു.













