ഡെറാഡൂണ്‍: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉത്തരാഖണ്ഡിലെ മുന്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. സഞ്ജയ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
‘സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ച് ഞാന്‍ പാര്‍ട്ടിക്ക് പരാതി നല്കിരുന്നു. എന്നാല്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. എന്റെ ജീവനില്‍ എനിക്ക് പേടിയുണ്ട്. പക്ഷേ അയാള്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം’- പരാതിക്കാരി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. അശ്ലീല ചുവയുള്ള ടെക്സ്റ്റ് മെസേജുകളും ഇയാള്‍ അയക്കാറുണ്ടായിരുന്നുവെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.
ഡെറാഡൂണിലെ ബല്‍ബീറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം. ജോലി നല്‍കാമെന്ന വാഗ്ദാനം നല്കി സഞ്ജയ് യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ സഞ്ജയ്ക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതോടെ പാര്‍ട്ടി സഞ്ജയ് കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ആര് എസ് എസ് പ്രവര്ത്തകന് കൂടിയായ സഞ്ജയ് കഴിഞ്ഞ ഏഴ് വര്‍ഷമായി സംഘടനയുടെ അധികാരസ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ്.












