പാരീസ് ഉടമ്ബടിയില്‍നിന്ന് യു.എസ്. പിന്മാറിയേക്കും


കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ പാരിസ് ഉടമ്ബടിയില്‍നിന്ന് അമേരിക്ക പിന്മാറിയേക്കും. പരിസ്ഥിതികാര്യങ്ങള്‍ക്കുള്ള എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ തലവന്‍ സ്കോട്ട് പ്രുയിറ്റ് അടക്കമുള്ള വിശ്വസ്തരോട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പറഞ്ഞതായി ‘ആക്സിയോസ്’ എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പിന്മാറ്റതീരുമാനത്തെക്കുറിച്ച്‌ നേരിട്ടറിയാവുന്ന മൂന്നുപേരെ ഉദ്ധരിച്ചാണ് ‘ആക്സിയോസി’ന്റെ റിപ്പോര്‍ട്ട്.


പാരീസ് ഉടമ്ബടിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്നകാര്യം അമേരിക്ക അടുത്തയാഴ്ച തീരുമാനിക്കും എന്ന് ശനിയാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇറ്റലിയിലെ സിസിലിയില്‍ നടന്ന ജി-7 ഉച്ചകോടിയുടെ അവസാനദിവസമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ജി-7ലെ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നിവ ഉടമ്ബടി അനുസരിക്കാന്‍ തീരുമാനിച്ചു. ഉടമ്ബടി അനുസരിക്കാന്‍ ട്രംപിനുമേല്‍ ഈ രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഉച്ചകോടിയുടെ സമാപനദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.


ആഗോളതാപനം തട്ടിപ്പാണെന്നും പാരീസ് ഉടമ്ബടി അനുസരിക്കില്ലെന്നുമാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നത്. കല്‍ക്കരി ഇന്ധനത്തിലേക്ക് തിരിച്ചുപോകാന്‍ അടുത്തിടെ യു.എസ്. ഭരണകൂടം തീരുമാനിച്ചിരുന്നു. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനാണ് ഇതെന്നാണ് ട്രംപിന്റെ വാദം. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് ട്രംപ് ഈ തീരുമാനമെടുത്തത്. ആഗോളതാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പറയുകയും പാരീസ് ഉടമ്ബടിക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്തയാളാണ് ഒബാമ.



Sharing is Caring