പാനൂരിലെ ബോംബ് സ്‌ഫോടനത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ്

കണ്ണൂർ പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

സ്‌ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അറസ്റ്റിലായ നാല് പേരെ ഇന്ന് ഉച്ചയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

സ്‌ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പാനൂർ ബോംബ് സ്‌ഫോടനം പ്രതിപക്ഷം ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ക്രമസമാധാനം വഷളാക്കാൻ സി.പി.എം പാർട്ടി പ്രവർത്തകരെക്കൊണ്ട് ബോംബ് നിർമിക്കുകയാണെന്ന ആക്ഷേപവുമായാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ രംഗത്തുവന്നത്.

വടകര മണ്ഡലത്തിലാകട്ടെ, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശ റാലിയും നടന്നു. ഇതിന് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന വ്യാപക പരിശോധനയും തുടർന്ന് സ്വയം വിമർശനവുമായി കേരളാ പൊലീസ് രംഗത്തെത്തി.

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടത്. കണ്ണൂരിലെ ക്രമസമാധാനനില ചർച്ച ചെയ്യാൻ ഡി.ഐ.ജി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗവും എ.ഡി.ജി.പി വിളിച്ചുചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *