പാക് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലേക്ക് തിരിച്ചു


ന്യൂഡല്‍ഹി: പാകിസ്താനിലെ മിന്നല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന വഴിയാണ് അപ്രതീക്ഷിതമായി പാകിസ്താനില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ മോദിയെ ലാഹോര്‍ വിമാനത്താവളത്തിലെത്തിയ നവാസ് ഷെരീഫ് ആലിംഗനം ചെയ്താണ് വരവേറ്റത്. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ലാഹോര്‍ വിമാനത്താവളത്തിലൊരുക്കിയിരുന്നത്.പെട്ടെന്നാണ് സന്ദര്‍ശന വിവരം തങ്ങളെ അറിയിച്ചതെന്ന് പാക് അധികൃതരും സ്ഥിരീകരിച്ചു.പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മോദിയുടെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. ആഗോള കാലാവസ്ഥ ഉച്ചകോടിക്കിടെ പാരീസിലാണ് ഇരു പ്രധാനമന്ത്രിമാരും അവസാനമായി നേരില്‍ കണ്ടത്.രാജ്യത്തെ വിശ്വാസത്തിലെടുക്കാതെ മോദി നടത്തിയ സാഹസിക പ്രവര്‍ത്തിയായാണ് കോണ്‍ഗ്രസ് മോദിയുടെ പാക് സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. ഇത് ഇന്ത്യക്ക് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു. സോഷ്യല്‍ മീഡിയില്‍ ചിത്രം വരുത്താന്‍ മോദി നടത്തിയ ശ്രമമായാണ് ശിവസേന മോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചത്.




Sharing is Caring