ന്യൂഡല്‍ഹി: പാക് ഭീകരരില്‍ നിന്ന് കശ്മീരികളെ സംരക്ഷിക്കാന്‍ സുരക്ഷാ സേന പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. മേഖലയില്‍ മനപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും ഡോവല്‍ പറഞ്ഞു.ഭീകരവാദം മാത്രമാണ് കശ്മീരിനെ അശാന്തമാക്കാന്‍ പാകിസ്താന് മുന്നിലുള്ള മാര്‍ഗം. ഏതാനും ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. അധികം പേരെയും പിടികൂടിക്കഴിഞ്ഞു -ഡോവല്‍ പറഞ്ഞു.
പാക് അതിര്‍ത്തിയിലെ ടവറുകള്‍ വഴി ഭീകരര്‍ ആശയവിനിമയം നടത്തുന്നുണ്ട്. നുഴഞ്ഞുകയറിയ ഭീകരരും പാക് അധികൃതരും കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കോഡ് ഭാഷയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടെത്തിയതായും ഡോവല്‍ പറഞ്ഞു.
ജമ്മു കശ്മീരിന്‍റെ 92 ശതമാനം മേഖലയിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ഡോവല്‍ അവകാശപ്പെട്ടു. സൈന്യം നടത്തുന്ന അതിക്രമങ്ങളെയും ഡോവല്‍ ന്യായീകരിച്ചു. ഭീകരരെ നേരിടുക മാത്രമാണ് കശ്മീരില്‍ സൈന്യം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

199ല്‍ 10 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ടെലിഫോണ്‍ ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു കഴിഞ്ഞു. പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ഭൂരിഭാഗം കശ്മീരികളും അംഗീകരിക്കുന്നതായും ഡോവല്‍ പറഞ്ഞു.
മുന്‍കരുതല്‍ നടപടിയെന്ന നിലക്ക് മാത്രമാണ് മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളെ തടവിലിട്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യം ഭീകരര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ആര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റമോ രാജ്യദ്രോഹമോ ചുമത്തിയിട്ടില്ലെന്നും ഡോവല്‍ പറഞ്ഞു.
എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പാകിസ്താന്‍ ഭാഗത്തുനിന്നുള്ള നടപടികള്‍ക്ക് അനുസരിച്ചായിരിക്കും ഇതെന്നും ഡോവല്‍ വ്യക്തമാക്കി.













