മീററ്റ്: നിയമപാലകര്‍ നിയമലംഘകരായപ്പോള് ഉത്തര്‍പ്രദേശില്‍ 51 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴ. ഗതാഗത നിയമലംഘനത്തിനാണ് പിഴ ഈടാക്കിയത്.മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കിയതോടെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് നല്‍കേണ്ടത്. ഇതോടെ പൊലീസുകാരുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ജനം മുന്നോട്ട് വരികയായിരുന്നു. പൊലീസുകാര്‍ നിയമം ലംഘിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മീററ്റ് ജില്ല പൊലീസ് നിര്‍ബന്ധിതരായത്.
രണ്ട് സി.ഐമാര്‍, ഏഴ് എസ്.ഐമാര്‍ എന്നിവരും നിയമം ലംഘിച്ചവരില്‍ ഉള്‍പ്പെടുമെന്ന് മീററ്റ് പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. പിഴ ഈടാക്കിയതിനൊപ്പം ട്രാഫിക് നിയമങ്ങളെ കുറിച്ച് സഹപ്രവര്‍ത്തകരെ ബോധവത്കരിക്കാനും പൊലീസുകാര്‍ക്ക് നിര്‍ദേശം നല്കി.

പൊലീസുകാരുടെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി. സിങ് പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇത് നിയമപാലനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള സന്ദേശമാണെന്നും ഡി.ജി.പി പറഞ്ഞു.













